Saturday, September 7, 2013

ഗൂഗിൾ സെർച്ച്: 
അറിയേണ്ടും അറിവുകൾ – 1


രു വിഷയത്തെക്കുറിച്ച് അല്ലെങ്കിൽ ഒരു വസ്തുവിനെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കിൽ ആദ്യം തിരയുന്നത് ഇന്റർനെറ്റിലായിരിക്കും. എന്താ, ശരിയല്ലേ?
    വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന കോടിക്കണക്കിന് വെബ്‌സൈറ്റുകളുണ്ട് ഇന്റർനെറ്റിൽ. അത് ഓരോ നിമിഷവും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇന്റർനെറ്റിലെ വിവരങ്ങളെല്ലാം പ്രിന്റെടുത്ത് അടുക്കിവെച്ചാലുള്ള സ്ഥിതി ഓർത്തു നോക്കൂ. അതിന്റെ ഉയരം ആയിരം കിലോമീറ്ററെങ്കിലും വരും! ഇങ്ങനെയുള്ള ഒരു ഇൻഫർമേഷൻ കൂമ്പാരത്തിൽ നിന്നാണ് നമ്മൾ വിവരങ്ങൾ ചികഞ്ഞെടുക്കേണ്ടത്.

    ടെക്‌സ്റ്റ് ബുക്കിലെ വിവരങ്ങൾ പോലും നമുക്ക് കൃത്യമായി ചികഞ്ഞെടുക്കാൻ പറ്റുന്നില്ല. പിന്നല്ലേ, വിവരങ്ങളുടെ വൻമലയിലൂടെയുള്ള തെരയൽ! ഇന്റർനെറ്റിൽ നിന്ന് ആവശ്യമായ വിവരങ്ങൾ അരിച്ചെടുത്ത് നമ്മുടെ മുന്നിലെത്തിക്കാൻ ഇന്ന് പലവിധ സൂത്രങ്ങൾ നെറ്റിൽ തന്നെയുണ്ട്. അതിലൊന്നാണ് സെർച്ച് എൻജിനുകൾ. ഏതെങ്കിലും വിഷയത്തെ ആധാരമാക്കി ഇന്റർനെറ്റിൽ അന്വേഷണം നടത്താനുള്ള സംവിധാനമാണിത്. പേര് കേൾക്കുമ്പോൾ എന്തോ വലിയൊരു മെഷീൻ ആണിതൊന്നും കരുതിയേക്കരുത്. പ്രത്യേകം അൽഗരിതമൊക്കെ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തിയെടുത്ത കംപ്യൂട്ടർ സോഫ്റ്റ്‌വെയർ മാത്രമാണിത്.
    സെർച്ച് എൻജിനുകൾ നാം നൽകുന്ന കീ വേർഡുകൾക്കനുസരിച്ചാണ് റിസൽട്ട് ലഭ്യമാക്കുന്നത്. ഇതിൽ മിക്ക സെർച്ച് എൻജിനുകളും മിടുക്കു കാട്ടുമ്പോൾ ചിലത് നാം നൽകുന്ന കീ വേർഡ് ഉൾക്കൊള്ളുന്ന വിഷയങ്ങൾ ഓരോ മേഖലയാക്കി തിരിച്ചാണ് ഫലങ്ങൾ നൽകുന്നത്. അതിനാൽ നമുക്ക് ആവശ്യമായ വിവരങ്ങൾ ഞൊടിയിടയിൽ കണ്ടെത്താനാവും.

    ടെലിഫോൺ ഉപയോഗിക്കുന്നതിന് ടെലിഫോൺ ഡയറക്ടറി എത്രമാത്രം സഹായകരമാണോ അതുപോലെയാണ് ഇന്റർനെറ്റിൽ വിവര ശേഖരണത്തിനായി സെർച്ച് എൻജിന്റെയും സഹായവും. ഇംഗ്‌ളീഷിൽ മാത്രമല്ല, ഏതു ഭാഷകൾ ഉപയോഗിച്ചും ഇന്റർനെറ്റിൽ തെരയാം. നൂറുകണക്കിന് സെർച്ച് എൻജിനുകളുണ്ട് ഇന്റർനെറ്റിൽ. എന്നാൽ ഇപ്പോൾ അവയിൽ മുമ്പനാണ് ഗൂഗിൾ. ഇന്റർനെറ്റ് ഉപയോഗത്തിനിടെ ദിവസത്തിൽ ഒരു തവണയെങ്കിലും ഗൂഗിളിന്റെ സേവനം ഉപയോഗപ്പെടുത്താത്തവർ വളരെ ചുരുക്കമായിരിക്കും. ഇല്ലെന്നു പറയുന്നതാവും കൂടുതൽ ശരി. ഇതിന്റെ പ്രശസ്തി കാരണം ഇന്റർനെറ്റിൽ തിരയുന്നതിന് 'ഗൂഗിൾ ചെയ്യൂ' എന്ന പദം പോലും പ്രയോഗത്തിൽ വന്ന കാലഘട്ടമാണിത്.

    അറിയേണ്ടുന്ന കാര്യത്തെക്കുറിക്കുന്ന സൂചകപദം – കീവേർഡ്, നൽകി തിരയാനുള്ള ബട്ടൺ അമർത്തുകയേ വേണ്ടൂ; കണ്ണടച്ച് തുറക്കും മുമ്പ് ഉത്തരമെന്നോണം വെബ്‌പേജുകളുടെ നീണ്ടനിര സ്‌ക്രീനിൽ തെളിയുകയായി. ഇതിൽ ആവശ്യമുള്ളതും ഇല്ലാത്തതും കണ്ടേക്കാം. ഒരുപക്‌ഷേ, വേണ്ടിയിരുന്നത് അവസാനഭാഗത്തേക്ക് പിൻതള്ളപ്പെട്ടിരിക്കാം. കീവേർഡ് നൽകിയതിലുള്ള പാകപ്പിഴയാകാം ഇതിന് കാരണമായത്. മെച്ചപ്പെട്ട സൂത്രങ്ങൾ നിരവധിയുണ്ട്, ഉത്തരങ്ങൾ ഒന്നാം സ്ഥാനത്തു നിന്ന് ലഭിക്കാനായി. അത് ഓരോരുത്തരും ഓർത്തുവയ്ക്കണം. എങ്കിലേ വിജ്ഞാനവിസ്‌ഫോടനത്തിന്റെ ഇക്കാലത്ത് നമുക്ക് മുന്നേറാനാവൂ.

ഗൂഗി​ൾ സേർച്ചി​നെ കൂടുതൽ ഫലപ്റദമായി​ ഉപയോഗി​ക്കാനുള്ള സൂത്റവി​ദ്യകളാണ് ഇനി​ വരും പോസ്റ്റുകളി​ൽ....